അറുപതുകഴിഞ്ഞവർ കൃഷിയിലെന്തു കാട്ടാനെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. എന്നാൽ അറുപതല്ല, എഴുപത് കഴിഞ്ഞാലും കൃഷിയിൽ ചില നല്ല കാര്യങ്ങൾ കാണിക്കാനുണ്ടെന്ന് കോട്ടയം പാന്പാടി എലിക്കുളം ഗ്രാമപഞ്ചായത്തിലെ "കൃഷിനിറവ്@എലിക്കുളം 60+’’ ന്റെ അംഗങ്ങൾ തെളിയിച്ചു.
സംസ്ഥാന കൃഷിവകുപ്പിന്റെ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു തുടങ്ങിയപ്പോഴാണ് പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ പൊതു കൂട്ടായ്മയായ "നിറവ് 60+’ ന്റെ ചില പ്രവർത്തകർക്ക് കൃഷിക്കൂട്ടങ്ങൾ കൂടിയാലെന്ത് എന്ന ചിന്തയുദിച്ചത്.
ഗ്രാമപഞ്ചായത്തു ഭരണസമിതിയുടെയും പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലവിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എസ്. ഷാജി എന്നിവരുടെ സ്നേഹനിർഭരമായ പിന്തുണയും പ്രോത്സാഹനവും കൂടെയായപ്പോൾ ഒന്നല്ല എട്ടു കൃഷിക്കൂട്ടങ്ങളാണ് പിറവിയെടുത്തത്.
ആദ്യഘട്ടമായി കൃഷിയിൽ താല്പര്യമുള്ള മുതിർന്നവരുടെ കർഷകസംഗമം പഞ്ചായത്തു തലത്തിൽ സംഘടിപ്പിച്ചു. ന്ധഹാപ്പിനസ്സ് പാർക്കിലെ ആദ്യകൂടിച്ചേരൽ മുതിർന്നവർക്ക് കൂടുതൽ ഉൗർജ്ജവും ഉന്മേഷവും പകരുന്ന ഒന്നായിരുന്നുവെന്ന് നിറവ് 60+ന്റെ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണപിള്ള പറഞ്ഞു.
ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. ഗോപിനാഥപിള്ളയും അതിന് കൃഷികാര്യങ്ങളെ എങ്ങനെ മരുന്നായി ഉപയോഗിക്കാമെന്ന് കൃഷി ഓഫീസർ കെ. പ്രവീണ്‍, അസി. കൃഷി ഓഫീസർ എ.ജെ. അലക്സ് റോയിയും വിശദീകരിച്ചു.
മലനാടിന്റെ പ്രധാന ഭക്ഷണയിനമായ കപ്പയും, കാന്താരിയും കട്ടനുമൊക്കെ നുകർന്ന് ഗൗരവതരമായ ചർച്ചയിലേക്കു കടന്നു. കൃഷി ഭവനിൽനിന്നു പച്ചക്കറി വിത്തുകളും ഇതര നടീൽ വസ്തുക്കളും കൃഷിലഘുലേഖകളും നൽകി.